NationalNews

ബെംഗളൂരുവിലെ വിഷപ്പതയില്‍ മുങ്ങി വാഹനങ്ങള്‍

ബെംഗളൂരു: ബെലന്തൂര്‍ തടാകത്തില്‍ നിന്നുള്ള വിഷപ്പതയില്‍ മുങ്ങി വാഹനങ്ങള്‍. തടാകത്തില്‍ നിന്നുള്ള വിഷപ്പത താണ്ടി വേണം വാഹനങ്ങള്‍ക്ക് കടന്നു പോവാന്‍. കാര്‍ അടക്കമുള്ള വാഹനങ്ങളുടെ ചില്ലുകള്‍ പൊക്കിവച്ചല്ലാതെ ഇതുവഴി കടന്നു പോവാനാവില്ല. പതയില്‍ വാഹനങ്ങള്‍ മുങ്ങിപ്പോവുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബെംഗളൂരുവില്‍ തുടരുന്ന കനത്ത മഴ ബെലന്തൂര്‍ തടാകത്തില്‍ നിന്നുള്ള വിഷപ്പതയുടെ അളവിലും വലിയ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഗതാഗതത്തെ താറുമാറാക്കിയപ്പോള്‍ ട്രാഫിക് ബ്ലോക്കും അപകടങ്ങളും ഇവിടെ നിത്യസംഭവങ്ങളായി.

ഫോസ്ഫറസിന്റെ സാന്നിധ്യമുള്ള പതയ്ക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങളും കുറവല്ല. തീ അപകടങ്ങള്‍ തുടരുന്നതോടെ അഗ്‌നിശമനാ സേനയ്ക്ക് ഇടപെടേണ്ട അവസ്ഥയാണുള്ളത്. മഴയ്‌ക്കൊപ്പം കാറ്റും എത്തിയാല്‍ ഇത് പറന്ന് പ്രദേശത്തെ വാഹനങ്ങള്‍ക്ക് മുകളിലും കടകളിലും പറ്റിപ്പിടിച്ചിരിക്കുന്നതും പതിവ് ദൃശ്യങ്ങളാണ്. വ്യവസായ മാലിന്യങ്ങള്‍ മൂലവും മാലിന്യങ്ങളിലെ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും കൊണ്ട് പതഞ്ഞു പൊങ്ങി വരുന്ന ബെംഗളൂരുവിലെ തടാകങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായ വാര്‍ത്തകളിലുണ്ട്. ബെംഗളൂരുവിലെ വര്‍ത്തൂര്‍, ബെലന്തൂര്‍, സുബ്രഹ്മണ്യപുരം എന്നീ തടാകങ്ങളില്‍ നിന്നുള്ള വിഷപ്പത ജനജീവിതത്തെ തന്നെ ദുഷ്‌കരമാക്കുകയാണ്. സമീപത്തെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യമാണ് ഈ പ്രതിഭാസത്തിനു പിന്നിലെന്ന് നേരത്തെ തന്നെ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വിഷപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമുള്ള ഈ പത ശരീരത്തിലും കുടിവെള്ളത്തിലും കലര്‍ന്നാല്‍ ആരോഗ്യത്തിന് ഹാനികരമാവുമെന്ന ഭയവും പ്രദേശവാസികള്‍ക്കുണ്ട്. ഇത് ശരീരത്തില്‍ പറ്റിയാല്‍ അസഹ്യമായ ചൊറിച്ചലും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. വിഷപ്പതയുടെ രൂക്ഷഗന്ധം മൂലം ജനങ്ങള്‍ പ്രദേശം വിട്ടു പോവേണ്ട അവസ്ഥയാണുണ്ടാവുന്നതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.

വിഷപ്പതയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ ബെംഗളൂരു ഡെവലപ്പ്‌മെന്റ് അതോറിട്ടി ആരംഭിച്ചിട്ടുണ്ട്. 2020 ഓടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാവൂവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനപ്രതിഷേധം ശക്തമായപ്പോള്‍ തടാകത്തിന് പ്ലാസ്റ്റിക്കും കമ്ബിയും ഉപയോഗിച്ച് വേലി കെട്ടി താല്‍ക്കാലിക പരിഹാരം കണ്ടിരുന്നുവെങ്കിലും മഴയില്‍ ജലനിരപ്പ് ഉയന്നതോടെ വേലിയും കടന്ന് വിഷപ്പത റോഡിലെത്തുകയായിരുന്നു. ഇതുമൂലം ഗതാഗതം പലപ്പോഴും പൂര്‍ണമായും തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്.

മാലിന്യപ്രശ്‌നം രൂക്ഷമായതോടെ ബെലന്തൂര്‍ തടാകത്തിന് ചുറ്റുമുള്ള വ്യാവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. മാലിന്യങ്ങള്‍ തടാകത്തില്‍ ഉപേക്ഷിക്കുന്നതായി കണ്ടാല്‍ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് അധികൃതര്‍ക്കും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close