NationalNews

സി.പി.എം ആര്‍എസ്‌എസ് സംഘര്‍ഷം; മോഹന്‍ ഭാഗവത് മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സി.പി.എം – ആര്‍എസ്‌എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, മോഹന്‍ ഭാഗവത് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരിനിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായി പാര്‍ലമെന്റിലുള്‍പ്പടെ ബിജെപി സിപിഎമ്മിനെതിരെ ആയുധമാക്കുന്നത് അക്രമ വിഷയങ്ങളാണ്. സംസ്ഥാനത്ത് ബിജെപി ഈ വിഷയങ്ങള്‍ ആയുധമാക്കാനും തീരുമാനിച്ചിരുന്നു.

 
കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആര്‍എസ്‌എസ് ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ആശയപരമായി മേല്‍കൈ നേടാന്‍ കഴിയാത്തതിനാലാണ് ആര്‍എസ്‌എസ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനു നേരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ബോംബേറ് നടത്തുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ ആക്രമങ്ങള്‍ ഇതിന്റെ തുടര്‍ച്ചയായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വ്യാപകമായി ബിജെപി-സി.പി.എം സംഘര്‍ഷമുണ്ടാവുകയും ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സി.പി.എം-ബിജെപി നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തുകയും ആക്രമണങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ദേശിയ തലത്തില്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close