Uncategorized

ടീം ഇന്ത്യയുടെ വാതില്‍ വീണ്ടും തുറക്കുമോ?

ന്യൂഡല്‍ഹി: മോശം ഫോമും എം.എസ്.ധോണിയുമായുള്ള അഭിപ്രായ വ്യത്യാസവും കാരണം ടീം ഇന്ത്യയില്‍ നിന്നും ദീര്‍ഘകാലമായി പുറത്തുനില്‍ക്കുന്ന ഗൗതം ഗംഭീറിന് വീണ്ടും അവസരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓപ്പണര്‍ കെ.എല്‍.രാഹുലിന് പരിക്കേറ്റതിനാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഗംഭീറിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

ധോണി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞതിന് പിന്നാലെ വിരാട് കോഹ്ലി ടീം ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് എത്തിയിരുന്നു. കോഹ്ലിയും ഗംഭീറും ഡല്‍ഹിക്കാരാണ്. ഇരുവരും ദീര്‍ഘകാലം ഡല്‍ഹിക്ക് വേണ്ടി പാഡണിയുകയും ചെയ്തിട്ടുണ്ട്. കോഹ്ലിയുടെ പിന്തുണയാണ് ഗംഭീറിന് ടീം ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കാന്‍ പോകുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പന്ത്രണ്ടാമന്‍ ശിഖര്‍ ധവാനാണ് രാഹുലിന് പകരം ഫീല്‍ഡ് ചെയ്തത്.

 

2014–ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗംഭീര്‍ ഒടുവില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. ഓവല്‍ ടെസ്റ്റില്‍ അവസരം ലഭിച്ച ഗംഭീറിന് രണ്ടു ഇന്നിംഗ്‌സുകളില്‍ നിന്നായി മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. ടീമിലേയ്ക്ക് തെരഞ്ഞെടുക്കുന്നതിനായുള്ള ശാരീരികക്ഷമത പരിശോധന ഗംഭീറിന് ഇന്ന് ബംഗളൂരുവില്‍ നടക്കും.

 

56 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഗംഭീര്‍ മികച്ച റെക്കോര്‍ഡിന് ഉടമയാണ്. 42.58 ശരാശരിയില്‍ 4,046 റണ്‍സ് ഗംഭീര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച കോല്‍ക്കത്തയില്‍ തുടങ്ങും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 197 റണ്‍സിന് വിജയിച്ചിരുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close