National

പനാമാ പേപ്പേഴ്‌സ്: ബച്ചനടക്കമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മോഡി; പ്രത്യേക സമിതി രൂപീകരിച്ചതായി ജയ്റ്റ്‌ലി; എസ്‌ഐടിയും അന്വേഷിക്കും

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങി 500ഓളം ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കള്ളപ്പണമുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷണത്തിന് ഉത്തരവിട്ടു. പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കള്ളപ്പണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നതായും ഇതേകുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവയുള്‍പ്പെട്ടതാണ് സമിതി.

വിദേശ രാജ്യങ്ങളിലെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമാനിയന്‍ നിയമ സ്ഥാപനമായ മൊസ്സാക് ഫൊന്‍സേകയുടെ ചോര്‍ന്ന രേഖകളിലാണ് അമിതാഭ് ബച്ചന് അടക്കമുള്ളവരുടെ കള്ളപ്പണ നിക്ഷേപം വെളിച്ചത്തായത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജോണലിസ്റ്റ്‌സ് (ഐസിഐജെ)യാണ് ദി പനാമാ പേപ്പേഴ്‌സ് എന്ന പേരില്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യയില്‍ പ്രമുഖ പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.

ആര്‍ബിഐ നേതൃത്വത്തിലുള്ള സമിതിക്ക് പുറമെ കള്ളപ്പണം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കും. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, എഫ്ടിടിആര്‍, റിസര്‍വ് ബാങ്ക് എന്നീ ഏജന്‍സികളടങ്ങന്ന അന്വേഷണ പാനല്‍ വിവരങ്ങള്‍ പരിശോധിച്ച് കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്കെതിരെ നിലവിലുള്ള നിയമ പ്രകാരം കടുത്ത നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close