Uncategorized

ക്രൈഫ്: കാല്‍പന്തിന്റെ കലാകാരന്‍

കാല്‍പന്ത് എന്ന ലളിതമായ കളിയെ കലയാക്കി മാറ്റിയ ടോട്ടല്‍ ഫുട്‌ബോള്‍ ആരാണ് വികസിപ്പിച്ചതെന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടാവാം. എന്നാല്‍ ആ തത്ത്വത്തെ ഏറ്റവും മനോഹരമായി ആവിഷ്‌കരിച്ച് കളിയെ ഇമ്പമാര്‍ന്ന കലാശില്‍പമാക്കിയതില്‍ യോഹാന്‍ ക്രൈഫിനോളം പങ്ക് മറ്റാര്‍ക്കുമുണ്ടാവില്ല. പെലെയും മറഡോണയും കഴിഞ്ഞാല്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ കളിക്കാരനായി അറിയപ്പെടുന്ന ക്രൈഫാണ് മറ്റു രണ്ടു പേരെക്കാളും ആധുനിക ഫുട്‌ബോളിന് ഏറ്റവുമധികം സംഭാവന ചെയ്തത്. ഏതു കളിക്കാരനും ഏതു പൊസിഷനിലും കളിക്കുന്ന ടോട്ടല്‍ ഫുട്‌ബോള്‍ കാല്‍പന്ത് കളിയുടെ ചരിത്രം തിരുത്തിയെഴുതി. അത് അലസവേഗത്തില്‍ ചലിച്ച കളിയെ അതിവേഗത്തിന്റെ മായക്കാഴ്ചയാക്കി. ബാഴ്‌സലോണ ഇന്ന് സംഗീതമാക്കി മാറ്റുന്ന വണ്‍ ടച്ച് ഫുട്‌ബോളിന്റെ ശില്‍പികളിലൊരാള്‍ കൂടിയായിരുന്നു ക്രൈഫ്. ചന്തമുള്ള കളി ശൈലിയുടെ വക്താക്കളാക്കി ബാഴ്‌സലോണയെ ആദ്യം മാറ്റിയത് ക്രൈഫ് കോച്ചായിരുന്നപ്പോഴാണ്.

അറുപതുകളില്‍ കൊച്ചു യോഹാന്‍ ക്രൈഫിനെ പരിശീലിപ്പിച്ച വിക് ബക്കിംഗ്ഹാം ആ പ്രതിഭയെ ഒരു വാചകത്തിലൊതുക്കുന്നു: ‘ക്രൈഫിന് കഴിയാത്തതായി ഒന്നുമില്ല. നീക്കങ്ങള്‍ക്ക് തുടക്കമിടും, വിംഗുകളിലൂടെ പറക്കും, പെനാല്‍ട്ടി ഏരിയയിലേക്ക് കുതിക്കും, ഇടതുവലതുകാല്‍ കൊണ്ട് ഷൂട്ട് ചെയ്യും, എന്തും സാധിക്കും അതും ആ വേഗത്തില്‍. ഫുട്‌ബോള്‍ലോകത്തിന് ദൈവത്തിന്റെ വരദാനമാണ് ക്രൈഫ്്’.
ഒരു ലോകകപ്പിലേ ക്രൈഫ് കളിച്ചിട്ടുള്ളൂ. 1974 ലെ ആ ലോകകപ്പ് നെതര്‍ലാന്റ്‌സിന് അര്‍ഹിച്ചതായിരുന്നു. പക്ഷെ ഫൈനലില്‍ നാടകീയമായി തോറ്റു. ആ ലോകകപ്പിലെ മികച്ച കളിക്കാരനായിരുന്നു ക്രൈഫ് മൂന്നു തവണ ക്രൈഫ് യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി. അയാക്‌സ് ആംസ്റ്റര്‍ഡാമുമൊത്ത് മൂന്നു തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് നേടി. കോച്ചെന്ന നിലയില്‍ ബാഴ്‌സലോണക്ക് യൂറോപ്യന്‍ കിരീടം നേടിക്കൊടുത്തു.

കളിക്കളത്തില്‍ വിപ്ലവകാരിയും പുറത്ത് വിമതനുമായിരുന്നു ക്രൈഫ്. എഴുപതുകളെ തീപ്പിടിപ്പിച്ച ഡച്ച് ടീമിന്റെ ആണിക്കല്ലായിരുന്നു ഈ കളിക്കാരന്‍. ഫുട്‌ബോള്‍ സ്ഥിതിവിവരക്കണക്ക് സംഘടന പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച യൂറോപ്യന്‍ കളിക്കാരനായും ലോകതലത്തില്‍ പെലെക്കു പിന്നില്‍ മികച്ച രണ്ടാമത്തെ കളിക്കാരനായും െ്രക്രെഫിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

പന്ത്രണ്ടാം വയസ്സില്‍ പിതാവ് മരിച്ച ക്രൈഫിനെ അയാക്‌സ് സ്റ്റേഡിയത്തില്‍ അലക്കുകാരിയായ അമ്മയാണ് വളര്‍ത്തിയത്. പതിമൂന്നാം വയസ്സില്‍ പഠനം നിര്‍ത്തി. പത്തൊമ്പതാം വയസ്സില്‍ അയാക്‌സിനെ ലീഗ് ചാമ്പ്യന്മാരാക്കിയാണ് ക്രൈഫ് ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യ സീസണില്‍തന്നെ ടോപ്‌സ്‌കോററായി. 1966 ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു പാദങ്ങളിലായി ലിവര്‍പൂളിനെ അയാക്‌സ് 73 ന് തകര്‍ത്തത് ഡച്ച് ഫുട്‌ബോളില്‍ നാഴികക്കല്ലായി. അതേ വര്‍ഷം ഹംഗറിക്കെതിരെ സ്‌കോര്‍ ചെയ്ത് ദേശീയ ടീമില്‍ ക്രൈഫ് അരങ്ങേറി. ക്രൈഫിന്റെ വിമത സ്വഭാവം പുറത്തുവരാന്‍ രണ്ടു മാസമേ എടുത്തുള്ളൂ. ഒരു രാജ്യാന്തര മത്സരത്തില്‍ പുറത്താക്കപ്പെടുന്ന ആദ്യ നെതര്‍ലാന്റ്‌സ് കളിക്കാരനായി ക്രൈഫ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close