Special

ബാങ്കുകളേയും നിയമത്തേയും വെട്ടിച്ച മദ്യരാജാവ്; രാജ്യസഭ എംപി കൂടിയായ വിജയ് മല്യയുടെ രഹസ്യ സമ്പത്ത് സംബന്ധിച്ച നിഗൂഢതകള്‍

നാമമാത്രമായ സ്വത്തുക്കള്‍ മാത്രം ഇന്ത്യയിലുള്ള ബിസിനസ് ഭീമന് കടമാണോ-മൂലധനമാണോ ബാങ്കുകള്‍ നല്‍കിയതെന്ന് ആരും ചോദിച്ച് പോകും. 9000 കോടിയെന്ന കിട്ടാക്കടം എങ്ങനെ എസ്ബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകള്‍ തിരിച്ചു പിടിക്കും. കൈയ്യെത്തും ദൂരത്തുള്ള (രാജ്യത്തിനകത്തുള്ള) മല്യയുടെ വസ്തുവകകള്‍ ജപ്തി ചെയ്‌തോ? ജപ്തി നടപടിക്ക് ബാങ്കുകള്‍ക്ക് മുന്നിലുള്ളത് മുംബൈയിലെ കിംഗ് ഫിഷര്‍ കോര്‍പ്പറേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സും ആഡംബര കളിപ്പാട്ടങ്ങളായി കരുതാവുന്ന ഉല്ലാസ നൗകകളും പ്രൈവറ്റ് ജെറ്റുകളുമാണ്. ഇവയൊന്നും 9000 കോടിയ്ക്ക് മുന്നില്‍ ഒന്നുമല്ല താനും.

17 ബാങ്കുളും വിജയ് മല്യയ്ക്ക് ഇത്രയും വലിയ തുക നല്‍കിയത് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ്. 2004-2007 കാലയളവില്‍ കൊടുത്ത വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെടുന്നത് 2009ല്‍ ആണ്. പിന്നീട് 2016 വരെ ബാങ്കുകള്‍ പാസ്‌പോര്‍ട്ട് മരവിപ്പിക്കല്‍ അടക്കമുള്ള നിയമനടപടിയ്ക്കായി കോടതിയിലേക്ക് നീങ്ങാഞ്ഞതെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വിജയ് മല്യയുടെ രഹസ്യ സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചതും. ഇതിന് പിന്നിലെ കാരണം വ്യക്തമാണ്, ബാങ്കുകള്‍ക്ക് മുന്നില്‍ കടക്കാരനാകുമ്പോഴും വിദേശത്ത് ഇവ മൂലധനമാക്കി വെയ്ക്കാന്‍ വിജയ് മല്യയെന്ന ബിസിനസ് രാക്ഷസന്‍ മറന്നില്ലയെന്നത്. ചില ഉദാഹരണങ്ങള്‍ ഇവയാണ്. 2014ല്‍ യുണൈറ്റഡ് സ്പിരിറ്റ് എന്ന ആല്‍ക്കഹോള്‍ കമ്പനിയുടെ ഓഹരികള്‍ ഡിയജിയോക്ക് വിറ്റവകയില്‍ ഏകദേശം 2400 കോടി രൂപയാണ് മല്യയുടെ കൈകളിലെത്തിയത്.

യുണൈറ്റഡ് ബ്രീവറീസ് ഹോല്‍ഡിംഗ് കമ്പനിയുടെ ഷെയറുകള്‍ വിറ്റപ്പോഴും 60 വയസുകാരന്‍ മദ്യരാജാവിന് കമ്പനിയെ നിയന്ത്രിക്കാനുള്ള ഓഹരികള്‍ കൈവശമുണ്ടാവുകയോ പിന്‍താങ്ങുന്നവരുടെ വലിയ ചങ്ങലയോ ഉണ്ടായിരുന്നു. ഈ വരുമാനങ്ങളില്‍ ചിലത് മല്യ കടത്തിലായിരുന്നുവെന്ന് പറയപ്പെടുന്ന 2012 കാലഘട്ടത്തിലായിരുന്നിട്ട് കൂടി ബാങ്കുകള്‍ ഇത് മുഖവിലയ്‌ക്കെടുത്തില്ല. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഷെയര്‍ കൈമാറ്റത്തിനും വില്‍പനയ്ക്കും ഒടുവിലും 150 കോടി രൂപയുടെ ഓഹരി വിജയ് മല്യയുടെ പക്കലുണ്ടായിരുന്നു.

കിംഗ് ഫിഷര്‍ ബിയറിന്റെ നിര്‍മ്മാതാക്കളായ യൂണൈറ്റഡ് ബീവറീസിന്റെ 32 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത് മല്യ തന്നെയാണ്. ഈ സ്വത്തിന്റെ അഥവാ ഓഹരിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 6800 കോടി രൂപയാണ്. ഈ വസ്തുവകകളെല്ലാം കൂടിച്ചേര്‍ന്നാലുള്ള മൂല്യം 9,400 കോടി രൂപയും. മല്യയുടെ അവകാശ വാദങ്ങളനുസരിച്ച് ഈ ഷെയറുകളില്‍ നല്ലൊരു ഭാഗം ബാങ്കുകള്‍ക്ക് ഈടായി നല്‍കിയിട്ടുണ്ടെന്നാണ്. ഈ ഓഹരികള്‍ വിറ്റ് ബാങ്കുകള്‍ 1200 കോടി രൂപ തിരിച്ച് പിടിച്ചെന്നും മല്യ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഡിയജിയോയുമായുള്ള ധാരണകള്‍ അനുസരിച്ച് മറ്റൊരു 1200 കോടി കൂടെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന്റെ ഭാഗികമായ നടപടികള്‍ പൂര്‍ത്തിയായതായാണ് മല്യ പറയുന്നത്.

ഇനി ഇതിന് പിന്നിലെ മല്യയുടെ ചില കള്ളക്കളികള്‍ കൂടി പറയട്ടെ. ബാങ്കുകള്‍ വിജയ് മല്യ എന്ന ‘കിംഗ് ഓഫ് ഗുഡ് ടൈംസി’ന്റെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന സമയത്തെല്ലാം ഇദ്ദേഹം നിയമനടപടി സ്വീകരിക്കും. 2010ലെ ഡിസംബര്‍ 21ന് ഈടായി നല്‍കിയ ഓഹരികളുടെ കരാറില്‍ പറയാത്ത നിക്ഷേപങ്ങളാണ് വിറ്റതെന്ന് കാണിച്ച് നിയമനടപടി. ബോംബെ ഹൈക്കോടതിയില്‍ ബാങ്കുള്‍ക്കെതിരെ കേസും നിലവിലുണ്ട്.

ഇനി ഇവിടെ ഉയരുന്ന ചോദ്യം ഇതാണ്. ബാങ്കുകളുടെ നിഷ്‌ക്രീയത്വവും വിമുഖതയുമാണോ അതോ മല്യയുടെ അക്രമണോല്‍സുകമായ നിയമ തന്ത്രങ്ങളാണോ സുരക്ഷിതമായി വിജയ് മല്യയുടെ സമ്പത്ത് അയാളുടെ കൈയ്യില്‍ തന്നെ ഇരിക്കാന്‍ കാരണം. ഇതാണ് ധൂര്‍ത്ത് നിറഞ്ഞ അത്യാഡംബര ജീവിതം നയിക്കാന്‍ വിജയ് മല്യയെ സഹായിക്കുന്നത്. തന്നിഷ്ടക്കാരനായ നിയമ ലംഘകനായി ബാങ്കുകള്‍ മല്യയെ മുദ്ര കുത്തിയപ്പോഴും 20 കോടിയാണ് മല്യ ചെലവിട്ടത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കുന്നതിനായി 13.5 കോടിയും കളിക്കാര്‍ക്കെല്ലാം കൂടി പ്രതിവര്‍ഷം അഞ്ചുകോടി ശമ്പളമായി നല്‍കാനും തീരുമാനിച്ചത്. 3 കോടി രൂപ കിംഗ് ഫിഷര്‍ അള്‍ട്രാ ഡെര്‍ബിയ്ക്കായി 2015 നവംബറിലും ചെലവിട്ടു.

കടക്കെണിയില്‍ ഉഴറുന്നുവെന്ന് പ്രചരിച്ചിരുന്ന കഴിഞ്ഞ ഡിസംബറില്‍ വിജയ് മല്യയുടെ ജന്മദിനാഘോഷം കോടികള്‍ ചെലവഴിച്ചായിരുന്നു ഗോവയില്‍ നടന്നത്. ഈ സമയത്ത് കടങ്ങള്‍ സംബന്ധിച്ച് സിബിഐ ചോദ്യം ചെയ്യലിന് നിന്നു കൊടുക്കേണ്ട സമയമായിരുന്നു താനും. പോപ്പ് ഗയകന്‍ എന്റിഖ് ഇഗ്ലേഷ്യസിന്റെ പ്രകടനവും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ഗായകന്‍ ഒരു പരിപാടിക്ക് വാങ്ങുന്നതാവട്ടെ 3.40 കോടി രൂപയും.

നേരത്തെ പറഞ്ഞ സ്വത്തുക്കളും ചെലവുമെല്ലാം മല്യയുടെ അറിയപ്പെടുന്ന വസ്തുവകകളാണ്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി പറഞ്ഞത് പോലെ ലിക്വര്‍ രാജാവിന്റെ വിദേശത്തെ സ്വത്തിന്റെ വിവരം ശേഖരിച്ചാല്‍ ഈ കടമെല്ലാം എപ്പോഴേ വീട്ടാനാകുമെന്ന് തിരിച്ചറിയാം.

പക്ഷേ അവ ബാങ്കുളുടെ പരിധിയ്ക്ക് അപ്പുറമാണ്. കണ്ടെത്താനും കണ്ടുകെട്ടാനും നീണ്ട കാലം കാത്തിരിക്കേണ്ടി വരും. മൂക്കിന്‍ തുമ്പത്ത് കിടക്കുന്ന സ്വത്ത് ജപ്തി ചെയ്യാന്‍ പോലും കഴിയാത്ത ബാങ്കുകള്‍ എന്ത് ചെയ്യാന്‍!

വിവരങ്ങള്‍ക്ക് കടപ്പാട് : എന്‍ഡിടിവി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close