National

ഉത്തരാഖണ്ഡില്‍ കേന്ദ്രത്തിന് തിരിച്ചടി; രാഷ്ട്രപതി ഭരണം ഹൈക്കോടതി സ്റ്റേ ചെയ്തു; വിശ്വാസ വോട്ട് തേടാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് അനുമതി; കോണ്‍ഗ്രസ് വിമതര്‍ക്കും വോട്ട് ചെയ്യാം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി അനുമതി നല്‍കി. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ധൃതി പിടിച്ച് സഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന് തിരിച്ചടിയാണ് ഹൈക്കോടതി വിധി.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് ശനിയാഴ്ച്ചയാണ് കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. ഇന്നലെ സഭയില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസ വോട്ട് തേടാനിരിക്കെയാണ് നാടകീയ നീക്കം. തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്ജി പരിഗണിച്ച കോടതി രാഷ്ട്രപതി ഭരണത്തിന് സ്റ്റേ പ്രഖ്യാപിക്കുകയും വ്യാഴാഴ്ച്ച സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഹരീഷ് റാവത്തിന് അനുമതി നല്‍കുകയും ചെയ്തു. അതേസമയം, വിശ്വാസ വോട്ടെടുപ്പില്‍ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയ ഒമ്പത് വിമത എംഎല്‍എമാരെയും വോട്ടു ചെയ്യാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച രാവിലെ 11നാണ് വോട്ടെടുപ്പ്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ മേല്‍നോട്ടത്തിലായിരിക്കുമിത്.

കഴിഞ്ഞ 18ന് സുപ്രധാന ധനബില്‍ വോട്ടിനിട്ടപ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായത്. 70 അംഗ നിയമസഭയില്‍ 36 എം.എല്‍.എ മാരുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിപക്ഷമായ ബിജെപിക്ക് നിയമസഭയില്‍ 28 എംഎല്‍എമാരുണ്ട്. വിമതരായ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയാല്‍ സര്‍ക്കാര്‍ വെട്ടിലാവും. ഹരീഷ് റാവത്ത് സര്‍ക്കാറില്‍ നിന്ന് ഒമ്പത് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. കേവല ഭൂരിപക്ഷത്തിനു പുറമെ മറ്റു ആറ് എം.എല്‍.എ മാരുടെ പിന്തുണ കൂടി ഹരിഷ് റാവത്തിന്റെ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുള്‍പ്പടെയുള്ള ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എ മാരാണ് ഇപ്പോള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.

ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും സംസ്ഥാനത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഈ സര്‍ക്കാരിനെ പുറത്താക്കണമെന്നുമാണ് മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെയും വിമതരുടെയും ആവശ്യം. ഇതിനിടെ 28ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കെ കെ പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമാണെന്നും രാഷ്ട്രപതി ഭരണം വേണമെന്നുമാവശ്യപ്പെട്ട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കിയത്.

അതിനിടെ, ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ചോദ്യംചെയ്ത് സമര്‍പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്തയാഴ്ച്ചത്തേക്ക് മാറ്റി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close